പാർട്ടിക്ക് അവമതിപ്പുണ്ടാക്കി; അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രനെതിരെ നടപടിയുമായി സിപിഎം

തിരുവനന്തപുരം: കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തിൽ അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രനെതിരെ നടപടിയുമായി സിപിഎം. പാർട്ടി പരിപാടികളിൽ നിന്നും ജയചന്ദ്രനെ മാറ്റി നിർത്തുമെന്ന് സിപിഎം അറിയിച്ചു. ഏരിയ തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സിപിഎം വ്യക്തമാക്കി.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അനുപമയുടെ പിതാവ് ജയചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്. ജയചന്ദ്രൻ പങ്കെടുത്ത യോഗത്തിലായിരുന്നു നടപടി സ്വീകരിക്കാൻ തീരുമാനമായത്. പേരൂർക്കട ലോക്കൽ കമ്മിറ്റി തീരുമാനം വൈകുന്നേരം ചേരുന്ന ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അതേസമയം അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കൽ നടപടി തിരുവന്തപുരം കുടുംബ കോടതി കഴിഞ്ഞ ദിവസം താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമർപ്പിക്കപ്പെട്ടതാണോ എന്ന് കാര്യത്തിൽ വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു.