ആകാശഗംഗക്ക് പുറത്ത് പുതിയ ഗ്രഹം;പുതിയ കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞര്‍

നാസയിലെ ശാസ്ത്രജ്ഞര്‍ ജ്യോതിശാസ്ത്ര പഠനത്തില്‍ പുതിയ കണ്ടെത്തലുമായി രംഗത്ത് എത്തി. പുതിയ ഗ്രഹത്തെക്കുറിച്ചുള്ള സൂചനയാണ് ശാസ്ത്രജ്ഞമാര്‍ പങ്കുവെച്ചത്. ഭൂമി ഉള്‍പ്പെടുന്ന ഗാലക്സിയായ ആകാശഗംഗക്ക് (ക്ഷീരപഥം-Milkyway) പുറത്ത് ഒരു ഗ്യാലക്സിയില്‍ നക്ഷത്രത്തെ വലംവെക്കുന്ന ഒരു ഗ്രഹത്തിനെക്കുറിച്ചുള്ള സൂചനകളാണ് ലഭിച്ചത്. ഈ ഗ്രഹത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയത് നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററിയാണ്.

പുതിയ ഗ്രഹത്തിന്റെ സൂചനകള്‍ കണ്ടെത്തിയത് എം-51 എന്നറിയപ്പെടുന്ന വേള്‍പൂള്‍ ഗാലക്സിയിലാണ്. വേള്‍പൂള്‍ ഗാലക്സി സ്ഥിതിചെയ്യുന്നത് ഭൂമിയില്‍ നിന്ന് 28 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ്. ഇത് ആദ്യമായാണ് ആകാശഗംഗക്ക് പുറത്തൊരു ഗാലക്സിയില്‍ ഗ്രഹത്തെ കണ്ടെത്തുന്നത്.

ഈ പുതിയ വ്യവസ്ഥയ്ക്ക് എം.51-യു.എല്‍.എസ്1 എന്നാണ് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്. ഇതിന് ശനിയുടെ വലിപ്പമുണ്ടാകുമെന്നാണ് അനുമാനം. നമ്മുടെ ഗാലക്സിക്ക് പുറത്തായതിനാല്‍ ഇതിനെ ‘എക്സ്ട്രോപ്ലാനെറ്റ്’ എന്നാണ് വിശേഷിപ്പിക്കുക.
പുതിയ ഗ്രഹത്തെ കുറിച്ച് സൂചന ലഭിച്ചിരിക്കുന്നത് എം.51-യു.എല്‍.എസ്1ല്‍ നിന്നുള്ള എക്സ്-റേ വിശകലനത്തിലൂടെയാണ്. എന്നാല്‍ ഗ്രഹം തന്നെയാണോ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് അറിയാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ഈ ഗ്രഹത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചത് ശാസ്ത്ര ജേണലായ നേച്ചര്‍ ആസ്ട്രോണമിയാണ്.