ന്യൂഡൽഹി: സ്വന്തമായി പാർട്ടി പ്രഖ്യാപിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പാർട്ടിയുടെ പേരും ചിഹ്നവും വൈകാതെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് ലോക് കോൺഗ്രസെന്നാകും പാർട്ടിയുടെ പേരെന്നാണ് റിപ്പോർട്ട്. നവംബറോടെ ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്നാണ് വിവരം. നവ്ജോത് സിംഗ് സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന് അമരീന്ദർ സിംഗ് പറഞ്ഞു. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളിൽ മത്സരിക്കുമെന്നാണ് അദ്ദേഹം വിശദമാക്കി.
പഞ്ചാബിൽ ബിജെപിയുമായി സഹകരിക്കാൻ അമരീന്ദർ സിംഗ് ഉപാധി വെച്ചിരുന്നു. കർഷക സമരം കേന്ദ്രം ഒത്തുതീർപ്പാക്കിയാൽ സഹകരിക്കുമെന്നായിരുന്നു അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നു. നവംബറോടെ കർഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്നാണ് അമരീന്ദറിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

