ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമത്തില്‍ വലിയ രീതിയിലുളള ക്യാംപെയ്‌നാണ് നടക്കുന്നത്. ഈ വിഷയത്തില്‍ ചലച്ചിത്ര താരങ്ങള്‍ അടക്കം പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സോഷ്യല്‍ മീഡിയ പേജിലും കമന്റുമായി മലയാളികള്‍ എത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇതിന് മറുപടി ട്വീറ്റുമായി പുതിയ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് തമിഴ്നാട്ടില്‍. ഇടുക്കിയെ തമിഴ്നാടിന് തന്നേക്കൂ എന്ന് ആവശ്യപ്പെട്ടാണ് ക്യാപെയ്ന്‍.
AnnexIdukkiwithTN എന്നാണ് പുതിയ ക്യാംപെയ്ന്‍. ഇടുക്കിയില്‍ തമിഴ് സംസാരിക്കുന്ന ഒട്ടേറെ ജനങ്ങള്‍ ഉണ്ടെന്നും നേരത്തെ മധുര ജില്ലയുടെ ഭാഗമായിരുന്നെന്നും ട്വീറ്റുകള്‍ ഉയരുന്നുണ്ട്.
നടന്‍ പൃഥ്വിരാജ് മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തില്‍ താരത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. തമിഴ് സിനിമയില്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു.
138 അടിയായി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിലനിര്‍ത്തുന്നതിന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു. ഡാമിലെ വെള്ളം 138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കിവിടാം. ചൊവ്വാഴ്ച് നടന്ന ഉന്നതതല സമിതി യോഗത്തിലാണ് തമിഴ്‌നാട് ഇക്കാര്യം സമ്മതിച്ച്.

