ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തില്‍ വീണ്ടും ചര്‍ച്ചയായി മദ്യവര്‍ജനവും ഖാദി പ്രോത്സാഹനവും. കോണ്‍ഗ്രസിന്റെ അലിഖിത നിയമങ്ങളാണ് ഇവ രണ്ടും. ദേശീയാധ്യക്ഷ സോണിയ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് യോഗത്തില്‍ രാഹുല്‍ ഗാന്ധിയാണ് ഈ വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തിയത്. മദ്യ വര്‍ജനത്തിന്റെ പ്രായോഗികതയുമായി ബന്ധപ്പെട്ട ചര്‍ച്ച രസകരമായ മറുപടികള്‍ക്കും കാരണമായി.
ഇവിടെ ആരൊക്കെ മദ്യപിക്കും എന്നായിരുന്നു ചര്‍ച്ചയ്ക്കിടെ രാഹുലിന്റെ അപ്രതീക്ഷിത ചോദ്യം. എന്നാല്‍ രാഹുലിന്റെ പെട്ടെന്നുള്ള ചോദ്യത്തിന് മുന്നില്‍ പല നേതാക്കളും പതറി. ഇതിനിടെ എന്റെ സംസ്ഥാനത്തെ വലിയ വിഭാഗം ആളുകളും മദ്യപിക്കും എന്നായിരുന്നു നവജ്യോത് സിങ് സിദ്ധുവിന്റെ മറുപടി.
പാര്‍ട്ടി അംഗത്വത്തിനായുള്ള ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന തീരുമാനത്തിലേക്കാണ് പിന്നീട് ചര്‍ച്ച നടത്തത്. എന്നാല്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ വര്‍ക്കിങ് കമ്മറ്റിക്ക് മാത്രമേ ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരമുള്ളു. മഹാത്മാഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസ് പിന്തുടരുന്നതാണ് മദ്യവര്‍ജന നയം.
നവംബര്‍ ഒന്നിനാണ് പാര്‍ട്ടിയുടെ അംഗത്വ യജ്ഞം ആരംഭിക്കുന്നത്.ഇതിനായുളള ഫോമില്‍ മദ്യവര്‍ജന നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പൊതുവിടങ്ങളില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ ചോദ്യം ചെയ്യരുതെന്ന നിര്‍ദേശവും പാര്‍ട്ടി പുതിയ അംഗങ്ങള്‍ക്ക് നല്‍കുന്നു.
രാജ്യവ്യാപകമായി നവംബര്‍ 14 മുതല്‍ പ്രക്ഷോഭം ആരംഭിക്കാനും രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

