പട്ന: തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് വിട്ടു കൊടുക്കുന്നതിലെ താത്പര്യമില്ലായ്മ പരസ്യമായി പ്രകടിപ്പിച്ച് മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. ബിഹാറിൽ സഖ്യകക്ഷിയായ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള കഴിവിൽ സംശയം പ്രകടിപ്പിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. കോൺഗ്രസ് മത്സരിച്ചാൽ തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റ് എന്തിന് അവർക്ക് കൊടുക്കണമെന്ന് അദ്ദേഹം ചോദിച്ചു. പാട്നയിലേക്ക് മടങ്ങുന്നതിനു മുൻപായി ഡൽഹിയിൽ വച്ച് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ഭക്ത ചരൺ ദാസിനെ ലാലു പ്രസാദ് യാദവ് വിവേകശൂന്യനായ വ്യക്തിയെന്ന് വിളിക്കുകയും ചെയ്തു. കോൺഗ്രസ് മത്സരിച്ചാൽ ചിലപ്പോൾ കെട്ടിവച്ച കാശ് പോലും തിരിച്ചു ലഭിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിലെ കുശേശ്വറിലും താരാപൂരിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ സൂചിപ്പിച്ചായിരുന്നു ലാലു പ്രസാദ് യാദവിന്റെ പരാമർശങ്ങൾ.
അതേസമയം 2020 ൽ നടന്ന ബിഹാർ തിരഞ്ഞെടുപ്പിൽ കുശേശ്വരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് വിട്ടുനൽകാൻ ലാലുവിന്റെ പാർട്ടിയായ ആർ ജെ ഡി തയ്യാറായിരുന്നില്ല.

