കൊച്ചി: ബുധനാഴ്ച രണ്ടു വനിതകൾകൂടി ചുമതലയേറ്റതോടെ കേരള ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ആറായി ഉയർന്നിരിക്കുകയാണ്. വനിതാ ജഡ്ജിമാരുടെ എണ്ണത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളം മുൻപന്തിയിലാണ്. എന്നാൽ കേരളത്തിലെ ജനസംഖ്യയും ഉന്നത വിദ്യാഭ്യാസ നിലവാരവും കണക്കിലെടുക്കുമ്പോൾ ഇക്കാര്യത്തിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നാണ് വ്യക്തമാകുന്നത്.
ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് സി.എസ്. സുധ എന്നിവരാണ് വനിതാ ജഡ്ജിമാരായി ചുമതലയേറ്റത്. ജസ്റ്റിസ് സി. ജയചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരാണു ഹൈക്കോടതിയിൽ പുതുതായി ചുമതലയേറ്റ മറ്റു പുതിയ ജഡ്ജിമാർ. സ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് വി. ഷെർസി, ജസ്റ്റിസ് എം.ആർ. അനിത തുടങ്ങിയവരാണ് ഹൈക്കോടതിയിലെ മറ്റ് വനിതാ ജഡ്ജിമാർ.
മൂന്നു പതിറ്റാണ്ടുകാലത്തെ സേവനത്തിനുശേഷം ഹൈക്കോടതിയിലെ ആദ്യ വനിതാ റജിസ്ട്രാർ ജനറൽ ആകാൻ തനിക്കു ക്ഷണം ലഭിച്ചെന്ന് ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി. ചരിത്രം സൃഷ്ടിച്ച ധീരമായ തീരുമാനത്തിന് സോഫി തോമസ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം വനിതാ പ്രാതിനിധ്യത്തിലെ കുറവിനെക്കുറിച്ച് അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് പ്രസംഗത്തിൽ വ്യക്തമാക്കി. വനിതാ ജഡ്ജിമാരുടെ എണ്ണം ആറായെങ്കിലും സംസ്ഥാനത്തെ സ്ത്രീകളുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ വേണ്ട അനുപാതം അതിൽ പ്രതിഫലിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ ജോലികളിൽ ഉൾപ്പെടെ കേരളത്തിൽ സ്ത്രീകളുടെ കാര്യമായ പങ്കാളിത്തം ഉണ്ടെങ്കിലും അഭിഭാഷകരുടെ ഇടയിൽനിന്ന് ഒരാൾ മാത്രമാണ് നിലവിലെ ആറു വനിതാ ജഡ്ജിമാരിൽ ഉൾപ്പെടുന്നത് എന്നതു ചിന്തിക്കേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ സ്ത്രീകൾക്കുള്ള അവകാശത്തെക്കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞ വസ്തുതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

