മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണം; കേരളം ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മേൽനോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. പ്രശ്‌നങ്ങൾ കേരളവും തമിഴ്‌നാടും ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി വ്യക്തമാക്കി. കേരളം ചർച്ചയ്ക്ക് തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരളവുമായും മേൽനോട്ടസമിതിയുമായും ആലോചിക്കാമെന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് മറ്റന്നാളത്തേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയാണെന്നും തമിഴ്‌നാട് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിർത്തണമെന്നാണ് കേരളം മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. മുല്ലപ്പെരിയാർ പരിസരത്ത് ആളുകൾ ഭീതിയോടെ കഴിയുകയാണെന്നും കേരളം കോടതിയെ അറിയിച്ചു. എന്നാൽ അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോയെന്ന് കോടതി ചോദിച്ചു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതൊരു രാഷ്ട്രീയ വിഷയമാക്കി മാറ്റരുതെന്നും കോടതി അഭിപ്രായപ്പെട്ടു.