കൊല്ലം: മോശം പെർഫോമൻസ് നടത്തുന്ന കെഎസ്ആർടിസി ഡിപ്പോകളിലെ യൂണിറ്റ് അധികാരിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ട്രിപ്പുകളുടെ ഇന്ധന ചെലവിന് പോലും തുക ലഭിക്കാത്ത രീതിയിൽ മോശം പെർഫോമൻസ് നടത്തുന്ന ഡിപ്പോ അധികാരികൾക്കെതിരെയാണ് നടപടി സ്വീകരിക്കുക. കെഎസ്ആർടിസിയുടെ കൊല്ലം മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുവാനും ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലാണ് അവലോകന യോഗം ചേർന്നത്.
ഡിപ്പോകളായ കിളിമാനൂർ ( 43.43 % നഷ്ടം), പാപ്പനംകോട് (33.40%) , ചടയമംഗലം (36.5%,) വികാസ് ഭവൻ (34.3%), പുനലൂർ (32.2 %) എന്നിവിടങ്ങളിൽ നിന്നും പ്രതിമാസം കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും നല്ല പെർഫോമൻസിന് ഉള്ള സമ്മാനവും മന്ത്രി യോഗത്തിൽ വിതരണം ചെയ്തു. പാറശ്ശാല ഡിപ്പോയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പൂവാർ ഡിപ്പോ രണ്ടാം സ്ഥാനവും വെള്ളറട ഡിപ്പോ മൂന്നാം സ്ഥാനവും നേടി.
കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിന് നൂതന ആശയങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യം. കോവിഡിന് ശേഷം യാത്രക്കാരെ കൂടുതൽ ആകർഷിക്കാൻ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സർവ്വീസുകൾ വിപുലീകരിക്കും. മലക്കപ്പാറയിലേക്കുള്ള സർവ്വീസ് വിജയമായത് പോലെ ഗവി, പൊന്മുടി എന്നിവടങ്ങിളിലേക്കും സർവ്വീസുകൾ ആരംഭിക്കും. മെച്ചപ്പെടുന്ന ഡിപ്പോയിലുള്ളവർക്ക് റാങ്കിങ് നിശ്ചയിച്ച് അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗത്ത് സോണിലെ യൂണിറ്റുകളുടെ പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. ഡൈനാമിക് ഷെഡ്യൂളിങ്, വിദ്യാർത്ഥികളുടെ യാത്രാ സൗകര്യവും, അതിന് വേണ്ടി സ്റ്റുഡൻസ് ബോണ്ട് സർവ്വീസ് നടത്താനുദ്ദേശിക്കുന്ന വിവരങ്ങൾ, ഗ്രാമ വണ്ടി നടത്തിപ്പിനെക്കുറിച്ചുള്ള വിഷയങ്ങൾ, കളക്ഷൻ കുറഞ്ഞ സർവ്വീസുകളുടെ പുനക്രമീകരണം, ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ വാട്ടർ ട്രാൻസ്പോർട്ടുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട വിഷയങ്ങൾ തുടങ്ങിയവയെ കുറിച്ചും യോഗത്തിൽ സംസാരിച്ചു.

