മാറ്റങ്ങളുമായി യൂട്യൂബ്; പ്രീമിയം അംഗത്വമില്ലാത്തവര്‍ക്ക് വിഡിയോ കാണാന്‍ സാധിക്കില്ല

യൂട്യൂബ് തങ്ങളുടെ പ്ലാറ്റ്‌ഫോം പ്രിമീയം പ്ലാറ്റ്‌ഫോം ആക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.അതിന്റെ ആദ്യചുവടുവെയ്പ്പാണ് യൂട്യൂബിന്റെ മ്യൂസിക്ക് പ്ലാറ്റ്‌ഫോമില്‍ വരുന്നത്. യൂട്യൂബ് മ്യൂസിക് ആപ്പില്‍ പ്രീമിയം അംഗത്വമില്ലാത്ത പ്രേക്ഷകര്‍ക്ക് ഇനിമുതല്‍ വിഡിയോ കാണാന്‍ സാധിക്കില്ലെന്നും ഓഡിയോ മാത്രമായിരിക്കും കേള്‍പ്പിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രീമിയം അംഗങ്ങള്‍ക്ക് മാത്രമായിരിക്കും ഇനിമുതല്‍ യൂട്യൂബ് മ്യൂസിക് വിഭാഗത്തിലെ വിഡിയോകള്‍ കാണാന്‍ സാധിക്കുന്നത്. പണമടച്ച് യൂട്യൂബ് പ്രീമിയം എടുക്കണം അല്ലെങ്കില്‍ യൂട്യൂബ് മ്യൂസിക് പ്രീമിയം സബ്സ്‌ക്രൈബ് ചെയ്യണം എന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേസമയം, ഫ്രീയൂസര്‍മാര്‍ക്ക് മ്യൂസിക് യഥേഷ്ടം സ്‌കിപ്പു ചെയ്ത് കേള്‍ക്കാനും സാധിക്കില്ല. എന്നാല്‍, മൂഡ് മിക്സ് വിഭാഗവും മറ്റും ഫ്രീ യൂസേഴ്സിനായി തുറന്നിടുമെന്നും പറയുന്നു. കൂടാതെ, സ്വന്തമായി മ്യൂസിക് വിഡിയോ ഫ്രീ യൂസര്‍മാര്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഏതുസമയത്തും ഓണ്‍-ഡിമാന്‍ഡ് ആയി കാണുകയും ചെയ്യാം.

നവംബര്‍ 3 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ആദ്യം നടപ്പിലാക്കുന്നത് കാനഡയിലായിരിക്കും. തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇത് വ്യാപിക്കും.