കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ച് കസ്റ്റംസ്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഉൾപ്പടെ 29 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിൽ ആരെയും മാപ്പു സാക്ഷികളാക്കിയിട്ടില്ല. കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്താണ്. 3000 പേജുള്ള കുറ്റപത്രത്തിൽ എം. ശിവശങ്കർ കേസിലെ 29-ാം പ്രതിയാണ്.
2020 ജൂൺ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേറ്റിന്റെ പേരിൽ എത്തിയ നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണങ്ങളിലാണ് സ്വർണ്ണക്കടത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
രഹസ്യ വിവരത്തെ തുടർന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ കാർഗോ കോംപ്ലക്സിൽ എത്തി ബാഗേജ് തടഞ്ഞു വച്ചു. ജൂലൈ അഞ്ചിന് ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണ് സ്വർണ്ണം പിടിച്ചെടുത്തത്. കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പടെ 50ൽ എറെ പേരെ അറസ്റ്റു ചെയ്തു. കസ്റ്റംസിന് പുറമെ എൻഐഎ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.

