ന്യൂഡൽഹി: ഇന്ധന വില വീണ്ടും വർധിച്ചു. ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇന്ധനവില ഇന്ന് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഡൽഹി നഗരത്തിൽ പെട്രോൾ, ഡീസൽ വില 35 പൈസ ഉയർന്ന് 106.54 രൂപയും 95.27 രൂപയുമായി. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 112.44 രൂപയും ഡീസലിന് ലിറ്ററിന് 103.26 രൂപയുമായി. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 103 രൂപ കടന്നു. ഒരു ലിറ്റർ പെട്രോൾ 103.26 രൂപയ്ക്കാണ് ചെന്നൈയിൽ വിൽക്കുന്നത്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 107.12 രൂപയാണ്. ഡീസലിന് 98 രൂപയാണ് കൊൽക്കത്തയിലെ വില.
ഇന്ധന നിരക്ക് ഏറ്റവും ഉയർന്നത് മുംബൈയിലാണ്. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം സംസ്ഥാനങ്ങളിലുടനീളം ഇന്ധന നിരക്കുകൾ വ്യത്യാസപ്പെടുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില നിലവിൽ ലിറ്ററിന് 100 രൂപ നിരക്കിന് മുകളിലായി.ഒരാഴ്ച മുൻപാണ് എണ്ണ കമ്പനികൾ ഇന്ധന വില വർദ്ധിപ്പിക്കാൻ ആരംഭിച്ചത്. ഏഴ് ദിവസത്തെ തുടർച്ചയായ വർദ്ധനവിന് ശേഷം ഒക്ടോബർ 12, 13 തീയതികളിൽ വിലവർധന താൽക്കാലികമായി നിർത്തിവച്ചെങ്കിലും രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വില വർധിപ്പിക്കുകയായിരുന്നു. തുടർച്ചയായ നാലാം ദിവസമാണ് എണ്ണവിലയിൽ വർധനവ് ഉണ്ടാകുന്നത്. എണ്ണയുടെ ഇറക്കുമതിക്കാരായതിനാൽ ഇന്ത്യ പെട്രോളിനും ഡീസലിനും അന്താരാഷ്ട്ര വിലയ്ക്ക് തുല്യമായ നിരക്കിലാണ് വിൽക്കുന്നത്.

