100 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി ഇന്ത്യ

ന്യുഡല്‍ഹി: ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ യജ്ഞം എന്ന വിശേഷണത്തോടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയത്. ഇന്ന് രാവിലത്തെ കണക്കനുസരിച്ച് 100 കോടി വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്. ഇന്ത്യയ്ക്ക് മുമ്പ് നൂറ് കോടി വാക്സിനേഷന്‍ നേട്ടം സ്വന്തമാക്കിയത് ചൈനയാണ്. അതേസമയം, ഈ ചരിത്ര നേട്ടം ആഘോഷമാക്കാന്‍ തയാറാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഇന്ന് രാവിലെ 9.47 നാണ് രാജ്യത്ത് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടി കഴിഞ്ഞതായി കോവില്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ നേട്ടം സ്വന്തമാക്കിയത് 275 ദിവസങ്ങള്‍ കൊണ്ടാണ്. അതേസമയം, 18 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാലതാമസം ഇല്ലാതെ തന്നെ അര്‍ഹതപ്പെട്ടവര്‍ എത്രയും പെട്ടെന്ന് കുത്തിവെപ്പ് എടുക്കണമെന്നും ‘എല്ലാവരും ചരിത്രപരമായ’ ഈ യാത്രയില്‍ അവരുടേതായ കൈയൊപ്പ് ചാര്‍ത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഗായകന്‍ കൈലാഷ് ഖേര്‍ തയാറാക്കിയ ഒരു ഗാനവും ഒരു വീഡിയോയും അദ്ദേഹം പുറത്തിറക്കും.

അതേസമയം, രാജ്യത്ത് വാക്‌സിനേഷന്‍ ഡോസ് നൂറുകോടി കഴിഞ്ഞുവെന്ന് ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും അറിയിക്കാന്‍ ഉച്ചഭാഷിണികളിലൂടെ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുത്തു. 700 ഡോസ് വാക്സിന്‍ ഡോസുകളാണ് സെക്കന്റില്‍ രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്നത്.