‘ഞാന്‍ തന്നെയാണ് പ്രസിഡന്റ്’; വിമതസ്വരങ്ങള്‍ക്കുമേല്‍ ഉറച്ച ശബ്ദത്തില്‍ തുറന്നടിച്ച് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനരീതിക്കെതിരെ മുന്‍പു രംഗത്തുവന്ന ‘ജി 23’ നേതാക്കള്‍ക്ക് പരോക്ഷ മറുപടിയുമായി സോണിയ ഗാന്ധി. കോണ്‍ഗ്രസിനു സ്ഥിരം പ്രസിഡന്റില്ലെന്ന ആക്ഷേപത്തിനെതിരെ താന്‍ തന്നെയാണു പ്രസിഡന്റെന്നു സോണിയ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ജി 23യിലുള്‍പ്പെട്ട ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലാണു സോണിയ തുറന്നടിച്ചത്.

കോവിഡ് വ്യാപനത്തിനു ശേഷം നേതാക്കള്‍ നേരിട്ടു പങ്കെടുത്ത ആദ്യ പ്രവര്‍ത്തക സമിതിയില്‍, പതിവ് സൗമ്യസ്വരം വിട്ടായിരുന്നു സോണിയയുടെ പ്രസംഗം. പിന്നാലെ നടന്ന 5 മണിക്കൂര്‍ യോഗത്തില്‍ നേതാക്കളില്‍ ഒരാള്‍ പോലും വിമതസ്വരമുയര്‍ത്തിയില്ല. കെ.സി. വേണുഗോപാല്‍ അവതരിപ്പിച്ച സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ യോഗം ഏകകണ്ഠമായി പാസാക്കി. മാധ്യമങ്ങളിലൂടെ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്ന രീതി ഇനി വേണ്ടെന്നും സോണിയ തീര്‍ത്തു പറഞ്ഞു.

അതേസമയം, ബൂത്ത് തലം മുതലുള്ള സംഘടനാ തിരഞ്ഞെടുപ്പിലൂടെ അടുത്ത സെപ്റ്റംബര്‍ 20ന് അകം കോണ്‍ഗ്രസിന്റെ പുതിയ ദേശീയ പ്രസിഡന്റിനെ കണ്ടെത്തും. അതുവരെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി തുടരും.