ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരമുയർത്താൻ സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശലംഘനം ചൂണ്ടിക്കാണിക്കുന്നതിൽ വിവേചനം കാണിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വർഷങ്ങളായി സ്ത്രീകൾ അനുഭവിച്ചു വരുന്ന അനീതികൾ ഇല്ലായ്മ ചെയ്യുന്നതിലും സർക്കാർ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അതിനുള്ള ഉദാഹരണത്തിന് ഒന്നു മാത്രമാണ് മുത്തലാഖ് നിരോധന നിയമം. കാലങ്ങളായി മുസ്ലീം സ്ത്രീകൾ അനുഭവിച്ച മനുഷ്യാവകാശലംഘനത്തിനാണ് അറുതി വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ചില വ്യക്തികൾ അവർക്ക് താൽപര്യമുള്ളത് മാത്രമേ കാണൂ. അതു മാത്രമേ ഉയർത്തിക്കാട്ടുകയുള്ളൂ. മറ്റുള്ളവ അവഗണിക്കുന്നു. ഇത്തരം പ്രവർത്തിയിലൂടെ അവർ രാജ്യത്തിന്റെ ഖ്യാതി താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു. ഈ പ്രവണത രാജ്യത്തിനും ജനാധിപത്യത്തിനും കോട്ടം വരുത്തുമെന്നും ഇത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വ്യക്തിയുടെ അവകാശങ്ങൾ പോലെ തന്നെ പ്രധാനമാണ് അയാളുടെ കടമകളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പാവപ്പെട്ടവരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി മോദി സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്നും അതിലൂടെ അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി.

