ഉത്തരേന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷം; പവര്‍കട്ട് 14 മണിക്കൂര്‍ വരെ, കേരളവും ഇരുട്ടിലാകും

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷം. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം ഗുരുതര പ്രതിസന്ധിയിലേക്ക നീങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലും രാജസ്ഥാനിലു ഉത്തര്‍പ്രദേശിലും പവര്‍കട്ട് പ്രഖ്യാപിച്ചു. ദില്ലിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും പവര്‍കട്ട് രൂക്ഷമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കല്‍ക്കരി വിതരണത്തില്‍. വൈകാതെ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ മിക്ക താപനിലയങ്ങളിലും ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടായിരുന്നില്ലന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തരേന്ത്യയില്‍ ഉണ്ടായ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് സൂചന. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് സംഭവിക്കുന്നതിനാല്‍ കേരളത്തില്‍ ലോഡ്ഷെഡിംഗ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

കേന്ദ്രത്തില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് കേരളം വൈദ്യുതി വാങ്ങിയതെന്നും മന്ത്രി വെളിപ്പെടുത്തി. പവര്‍കട്ട് ഒഴിവാക്കാനാകുമോ എന്ന് ആലോചിക്കുന്നുണ്ടെന്നും, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം സൂചന നല്‍കി. ജല വൈദ്യുതി പദ്ധതികള്‍ മാത്രമാണ് പരിഹാര മാര്‍ഗമെന്നും മന്ത്രി വിലയിരുത്തി.