മലയാളത്തിലെ യുവതാരം ഫഹദ് ഫാസിലിനോട് കടുത്ത ആരാധനയാണെന്ന് തെന്നിന്ത്യന്‍ നടന്‍ ശിവകാര്‍ത്തികേയന്‍. ഏറ്റവും പ്രിയപ്പെട്ട നടന്മാരെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് താരം ഫഹദിനെക്കുറിച്ച് പരാമര്‍ശിച്ചത്.
എം ആര്‍ രാധ, വടിവേലു, രഘുവരന്‍ എന്നിവരാണ് തനിക്കേറ്റവും പ്രിയപ്പെട്ട സ്വഭാവ നടന്‍മാര്‍ എന്നുപറഞ്ഞ ശിവകാര്‍ത്തികേയന്‍ ഫഹദ് ഫാസില്‍ എന്ന നടനോട് തനിക്ക് വല്ലാത്ത ആരാധനയുണ്ടെന്നും പറഞ്ഞു.
‘ഫഹദിന്റെ കൂടെ ഞാന്‍ ഒരു സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലെ അഭിനയിക്കാന്‍ എനിക്ക് നാലായിരം വര്‍ഷം വേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഫഹദ് പെര്‍ഫോം ചെയ്യുമ്പോള്‍ കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും. അദ്ദേഹം എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്. ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് തന്നെ അഭിമാനമാണെന്ന് ശിവകാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.
ഫഹദിന്റെ ഹിറ്റ് ചിത്രങ്ങളായ തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളെക്കുറിച്ചും താരം പ്രതിപാദിച്ചു.
ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘ഡി ആര്‍ എസ് വിത്ത് ആഷ്’ എന്ന പരിപാടിയിലായിരുന്നു ശിവകാര്‍ത്തികേയന്റെ പ്രതികരണം. കുമ്പളങ്ങി നൈറ്റ്സ്, ട്രാന്‍സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് അശിവിനും അഭിമുഖത്തില്‍ പറഞ്ഞു

