തൃശൂര്‍: ഗുരുവായൂരില്‍ ഭക്തരില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ വിമര്‍ശനവുമായി ബിജെപി. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഫീസ് പിരിച്ചാല്‍ ചെയര്‍മാന് പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തിലുള്ള സമരം സംഘടിപ്പിക്കുമെന്നാണ് ബി ജെ പി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.
ഗുരുവായൂരിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങിനായുള്ള ബഹുനില സമുച്ചയം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാര്‍ പ്രസാദ് പദ്ധതി പ്രകാരം ഗ്രാന്റായി നല്‍കിയ കോടിക്കണക്കിന് രൂപ ഉപയോഗിച്ചാണ്. സൗജന്യമായി കിട്ടിയ തുക ഉപയോഗിച്ച് നിര്‍മിച്ച ഇവിടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് 30 രൂപയാണ്. ഇത് ദേവസ്വമാണ് പിരിച്ചെടുക്കുന്നത്. ഇത് അനുവദിക്കില്ല. ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തേണ്ട ദേവസ്വം ഭക്തരെ പിഴിയുകയാണ് ഇത് തുടര്‍ന്നാല്‍ ചെയര്‍മാനെ വഴിയില്‍ തടഞ്ഞ് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള ജനാധിപത്യ രീതിയിലുള്ള സമരം ആരംഭിക്കുമെന്ന് ബി ഗോപാലകൃഷ്ണന്‍ അറിയിച്ചു.
അതേസമയം, കെട്ടിടം നിര്‍മിച്ചത് തങ്ങളുടെ സ്ഥലത്താണെന്നാണ് ദേവസ്വം അധികൃതരുടെ വാദം. ആദ്യം അവിടെ പാര്‍ക്കിങ്ങ് ഫീസ് വാങ്ങി ദേവസ്വം പാര്‍ക്കിങ്ങ് നടത്തിയിരുന്ന സ്ഥലമാണ്. ജീവനക്കാരുടെ ശമ്പളം, കറണ്ട് ചാര്‍ജ് തുടങ്ങി പ്രതിമാസം വലിയ തുക ചെലവാകുന്നുണ്ട്. അതുകൊണ്ടാണ് ചെറിയ ഫീസായ 30 രൂപ ഭക്തരില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചത് എന്നാണ് ദേവസ്വം അധികൃതര്‍ നല്‍കുന്ന വിശദീകരണം.

