കൊച്ചി: കേരള സര്‍വകലാശാലയില്‍ നടത്തിയ അദ്ധ്യാപക നിയമനങ്ങള്‍ ശരിവെച്ച് ഹൈക്കോടതി. കേരള സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകള്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസി. പ്രൊഫസര്‍ എന്നിങ്ങനെ ഓരോ യൂണിറ്റായി കണക്കാക്കി സംവരണ തത്വം പാലിച്ച് നിയമനം നടത്തുന്നതിനുള്ള നിയമ ഭേദഗതിയും, ഇതനുസരിച്ചുള്ള നിയമന വിജ്ഞാപനവുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. ഇതോടെ, സര്‍വകലാശാല 2017നു ശേഷം നടത്തിയ 58 അദ്ധ്യാപക നിയമനങ്ങള്‍ക്കും അംഗീകാരമായി.
നേരത്തെ, കേരള സര്‍വകലാശാല സംവരണ നിയമ ഭേദഗതിയും, തുടര്‍ന്നുള്ള 2017ലെ നിയമന വിജ്ഞാപനവും റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഉള്‍പ്പെടെ നല്‍കിയ അപ്പീലുകള്‍ പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സിംഗിള്‍ബെഞ്ചിന്റെ വിധി റദ്ദാക്കുകയും ചെയ്തു. ഒരു കാറ്റഗറിയിലെ ഒഴിവുകള്‍ ഒറ്റ യൂണിറ്റായി പരിഗണിക്കുമ്പോള്‍ ചില ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സംവരണക്കാര്‍ക്ക് മാത്രം നിയമനം ലഭിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, ഒഴിവുകള്‍ പ്രത്യേകം പരിഗണിച്ചാല്‍ പലപ്പോഴും സംവരണം നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കേരള സര്‍വകലാശാല സംവരണ നിയമ ഭേദഗതിയും, തുടര്‍ന്നുള്ള 2017ലെ നിയമന വിജ്ഞാപനവും കഴിഞ്ഞ മാര്‍ച്ച് 31 നാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് റദ്ദാക്കിയത്. ഈ വിജ്ഞാപനമനുസരിച്ച് സംവരണം പാലിച്ച് നടത്തിയ 58 അദ്ധ്യാപക നിയമനങ്ങളും അസാധുവാക്കിയിരുന്നു. വിജ്ഞാപനം ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് ഡോ. ജി. രാധാകൃഷ്ണപിള്ളയും മറ്റും നല്‍കിയ ഹര്‍ജികളിലായിരുന്നു സിംഗിള്‍ബെഞ്ചിന്റെ വിധി.

