കെ റെയില്‍; പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ട്, പാടശേഖരങ്ങള്‍ക്ക് മുകളില്‍ ആകാശപാത ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കേന്ദ്രമായ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്.

മാത്രമല്ല, ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുനരധിവാസത്തിന് ഉള്‍പ്പെടെ 1383 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി വേണ്ടിവരും. 13362 കോടി സ്ഥലം ഏറ്റെടുക്കുന്നതിന് ചിലവാകും. ഏറ്റെടുക്കേണ്ടതില്‍ 1198 ഹെക്ടര്‍ സ്വകാര്യ ഭൂമിയെന്നും 9314 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല. ഒരു ഹെക്ടറിന് ഒന്‍പത് കോടി നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാടശേഖരങ്ങള്‍ക്ക് മുകളില്‍ 88 കിലോമീറ്റര്‍ ആകാശപാത ഉണ്ടാക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പബ്‌ളിക്ക് ഹിയറിങ്ങ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.