ശരീരം മുഴുവൻ സ്ഫോടക വസ്തുക്കൾ നിറച്ച വസ്ത്രങ്ങൾ ധരിച്ച ചാവേറുകൾ; പ്രത്യേക സൈനിക ബറ്റാലിയന് രൂപം നൽകി താലിബാൻ

കാബൂൾ: ചാവേർ സൈനിക ബറ്റാലിയന് രൂപം നൽകി താലിബാൻ. ചൈനയും താജിക്കിസ്താനും അതിർത്തി പങ്കിടുന്ന ബഡാക്ഷനിലാണ് ‘ലഷ്‌കർ-ഇ-മൻസൂരി’ എന്ന പേരിൽ ചാവേറുകളുടെ പ്രത്യേക ബറ്റാലിയന് താലിബാൻ രൂപം നൽകിയത്. ബഡാക്ഷൻ ഡെപ്യൂട്ടി ഗവർണർ മുല്ല നിസാർ അഹ്മദ് അഹമ്മദിൽ അഫ്ഗാൻ അതിർത്തിയിൽ പ്രത്യേക ബറ്റാലിയൻ വിന്യസിക്കുമെന്ന് അറിയിച്ചു. ശരീരം മുഴുവൻ സ്ഫോടക വസ്തുക്കൾ നിറച്ച വസ്ത്രങ്ങൾ ധരിച്ചവരായിരിക്കും ഇ്ത്തരത്തിലുള്ള ബാറ്റാലിയനിൽ ഉണ്ടാകുക.

അക്ഷരാർത്ഥത്തിൽ ഇവർ ചാവേറുകളാണെന്നും അല്ലാഹുവിനായി സ്വയം സമർപ്പിക്കുന്നവരാണെന്നും ഡെപ്യൂട്ടി ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് സൈന്യത്തെ തോൽപ്പിച്ചതിൽ ഈ ബറ്റാലിയൻ നിർമായക പങ്കുവഹിച്ചിട്ടുണ്ടെന്നും അവർ സ്ഫോടനാത്മക വസ്തുക്കളുമായി ആക്രമിച്ചു കയറി അഫ്ഗാനിസ്ഥാനിലെ യുഎസ് താവളങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു പതിവെന്നും ഡെപ്യൂട്ടി ഗവർണർ വിശദമാക്കുന്നു.

രാജ്യത്തിന്റെ അതിർത്തികളിലാണ് ഇത്തരത്തിലുള്ള പ്രത്യേക ബറ്റാലിയനെ വിന്യസിക്കുക. മുൻ അഫ്ഗാൻ സർക്കാരിന്റെ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നിരവധി ചാവേർ ആക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്.