കെ ടി ജലീലിന് തിരിച്ചടി; ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മുൻമന്ത്രി കെ ടി ജലീലിന് തിരിച്ചടി. ബന്ധുനിയമന വിവാദത്തിലാണ് കെ.ടി. ജലീലിന് തിരിച്ചടി ഉണ്ടായത്. ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന കെ ടി ജലീലിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. അപേക്ഷ ക്ഷണിക്കാതെയുള്ള നിയമനം ഭരണഘടനാ ലംഘനമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിധി സ്റ്റേ ചെയ്യാൻ കഴിയില്ലെന്നും കേസിൽ ഇടപെടാൻ ആകില്ലെന്നും കോടതി അറിയിച്ചു.

ബന്ധു നിയമന വിവാദത്തിൽ ഹൈക്കോടതി വിധിയെയും ലോകായുക്തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്തുകൊണ്ടാണ് കെ ടി ജലീൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിക്കുന്നതിന് സുപ്രീം കോടതി വിസമ്മതിച്ച കോടതി ബന്ധുവല്ലായിരുന്നുവെങ്കിൽ വാദങ്ങൾ പരിഗണനക്കെടുക്കാമെന്നും പറഞ്ഞു. പിന്നീട് കോടതി ഹർജി തള്ളാൻ തീരുമാനിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെടി ജലീലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതോടെ കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേൾക്കാൻ ലോകായുക്ത തയാറായില്ലെന്നുമാണ് ജലീൽ ഹർജിയിൽ ആരോപിച്ചിരുന്നു. കേസിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. തനിക്കെതിരായ വാദങ്ങളിൽ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോർപറേഷന്റെ ജനറൽ മാനേജരായി നിയമിച്ചതിൽ ഒരു തരത്തിലുമുള്ള അധികാര ദുർവിനിയോഗം ഇല്ലെന്നുമാണ് ജലീലിന്റെ വാദം.