ഇസ്ലാമാബാദ്: പാകിസ്താനിൽ ചൈന തങ്ങളുടെ സ്വാധീനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് അമേരിക്കയുമായും അറബ് രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന പാകിസ്താന് ഇപ്പോൾ ചൈനയാണ് എല്ലാം. ചൈനയുടെ അയൺ ബ്രദർ എന്ന സ്ഥാനമാണ് പൊതുവേദികളിൽ പാകിസ്താനുള്ളത്. എന്നാൽ പാകിസ്താനെ ചൈന സാമ്പത്തികമായി സഹായിക്കുന്നത് വിദേശ വാണിജ്യ ബാങ്കുകൾ ഈടാക്കുന്ന പലിശവാങ്ങിച്ചിട്ടാണെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൈന പാകിസ്താൻ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച ശേഷമാണ് ചൈന പാകിസ്താനിലേക്ക് പണം ഒഴുക്ക് ആരംഭിച്ചത്. പണം നൽകി സഹായിച്ച് തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ പദ്ധതി പൂർണമായും സ്വന്തമാക്കുക എന്നതാണ് ചൈനയുടെ ശീലം. ശ്രീലങ്കയടക്കമുള്ള രാജ്യങ്ങൾ ഇത്തരത്തിൽ ചൈനയുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. ഇതേലക്ഷ്യത്തോടെയാണ് പാകിസ്താനെയും ചൈന സഹായിക്കുന്നത്. ചൈന പാകിസ്ഥാന് കൊടുത്ത സാമ്പത്തിക സഹായം കൂടുതലായും ഊർജ്ജ, ഗതാഗത മേഖലകളിലാണ്. ഈ നിക്ഷേപങ്ങൾ നാളെ തങ്ങൾക്ക് ഉപകാരപ്രദമാവും എന്ന കണക്ക് കൂട്ടലിലാണ് ചൈനയുടെ നീക്കങ്ങൾ.
2000 മുതൽ 2017 വരെയുള്ള കാലയളവിൽ ചൈന പാകിസ്താന് 34.4 ബില്യൺ ഡോളറാണ് കടമായി നൽകിയിട്ടുള്ളത്. നിലവിൽ 27.3 ബില്യൺ ഡോളറിന്റെ 71 പദ്ധതികളാണ് പാകിസ്താനിൽ പുരോഗമിക്കുന്നത്. ചൈന പദ്ധതികൾക്കായി പണം കടം നൽകുമ്പോൾ പദ്ധതിക്കാവശ്യമായ സാധനങ്ങൾ, അതിന്റെ നിർമ്മാണം എന്നിവ തങ്ങളുടെ രാജ്യത്ത് നിന്നുള്ള കമ്പനികൾക്ക് നൽകണമെന്ന ഉപാധി മുന്നോട്ട് വെയ്ക്കുന്നുണ്ട്.
ഇത് ചെയ്യുന്നതിനാൽ പദ്ധതിക്കായി ചിലവഴിക്കുന്ന തുകയുടെ നല്ലൊരു പങ്കും ചൈന തിരികെ കൊണ്ടുപോകും. വായ്പ എടുക്കുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വിപണിയിലടക്കം യാതൊരു പുരോഗതിയും ഉണ്ടാകില്ല. ചൈന പാകിസ്താന് നൽകിയ വായ്പയിൽ ഭൂരിഭാഗവും 3.7 ശതമാനം പലിശ ഈടാക്കുന്നുവയാണ്. 13.2 വർഷത്തേയ്ക്കാണ് ചൈന ലോൺ അനുവദിക്കുന്നത്. കൂടുതലായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ, സംയുക്ത സംരംഭങ്ങൾ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ചൈന വായ്പ അനുവദിക്കുക. പ്രത്യേക പദ്ധതികളായി വിഭാവനം ചെയ്യുന്നതിനാൽ സർക്കാരിന്റെ രേഖകളിൽ ഈ ഇടപാടുകളുടെ വിവരങ്ങൾ ലഭിക്കുക ഇല്ല. എന്നാൽ തിരിച്ചടവ് മുടങ്ങിയാൽ സർക്കാർ ഗ്യാരണ്ടി നിൽക്കുകയും വേണം. അമേരിക്കയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് ചൈനയിൽ നിന്നും പാകിസ്താന് ലഭിക്കുന്നത്.

