കെ റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ സംസ്ഥാന വികസനത്തിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകും; വി അജിത്കുമാർ

k rail

കൊച്ചി: കെ റെയിൽ പദ്ധതി 2025 ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് എംഡി വി. അജിത്കുമാർ. പദ്ധതി യാഥാർഥ്യമാകുന്നതോടെ സംസ്ഥാന വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ലീഡർ ടോക്‌സിൽ ‘കെ റെയിൽ ദി സിൽവർലൈൻ പ്രോജക്ട് ഓഫ് കേരള’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് അദ്ദേഹം. ഇക്കാര്യങ്ങൾ അറിയിച്ചത്.

കെ റെയിൽ നിർമ്മാണം മൂലം പ്രളയ സാധ്യതകളും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടാവുമെന്ന പ്രചാരണങ്ങൾ അസ്ഥാനത്താണ്.. പദ്ധതിയുടെ സ്ഥലമെടുപ്പിന് 13,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും ആദ്യഘട്ട സ്ഥലമെടുപ്പ് ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി വരുന്നതോടെ കേരളത്തിലെ യാത്രാവഴികൾ മാറുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ റെയിൽ പദ്ധതിയ്ക്ക് 63,941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ 11 ജില്ലകളിലൂടെ കടന്നു പോകുന്ന കെ റെയിലിന് 11 സ്റ്റേഷനുകളാണ് ഉണ്ടാവുക. 530.6 കിലോമീറ്റർ ദൈർഘ്യം നാലു മണിക്കൂറിൽ താഴെ പൂർത്തിയാക്കാനാവും. ഇരുഭാഗത്തേക്കും 37 വീതം ട്രെയിനുകൾ ഓടും. തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റിനുള്ളിൽ ഒരു സർവീസ് ഉണ്ടാകും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇരട്ടപ്പാതയുള്ള പദ്ധതിയിൽ 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സഞ്ചരിക്കുക.