അഫ്ഗാനിൽ ഐഎസ് ശക്തിപ്രാപിക്കും; അമേരിക്കയ്ക്ക് മേൽ ഭീകരാക്രമണ ഭീഷണി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് സംയുക്ത സൈനിക മേധാവി

ന്യൂയോർക്ക്: അഫ്ഗാനിൽ ഐഎസ് ശക്തിപ്രാപിക്കുമെന്ന് യുഎസ് സംയുക്ത സൈനിക മേധാവി മാർക് മില്ലി. യു എസ് സെനറ്റിലെ സേനാ സമിതിക്കു മുന്നിലാണ് മില്ലി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ സൈനിക സാന്നിധ്യത്തെയും സാങ്കേതിക മികവിനെയും അമിതമായി ആശ്രയിക്കാൻ അഫ്ഗാൻ സൈന്യത്തെ പ്രേരിപ്പിച്ചതാണ് യുഎസ് സൈന്യത്തിന്റെ വലിയ പരാജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശത്രുവിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ കാബൂൾ. താലിബാനു കീഴിൽ അൽ ഖായിദയോ അഫ്ഗാനിസ്താനിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല വിഭാഗമോ അഫ്ഗാനിൽ പുനസംഘടിക്കാൻ സാധ്യതയേറെയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

12 മുതൽ 36 മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് മേൽ ഒരു ഭീകരാക്രമണ ഭീഷണിയും അത് ഉയർത്തുന്നുണ്ട്. അൽ ഖായിദയുമായി ബന്ധം നിലനിർത്തുന്നവരാണ് താലിബാൻ എന്നതും താലിബാൻ ഇപ്പോഴും ഒരു തീവ്രവാദ സംഘടനയാണെന്നതും മറക്കരുതെന്നും മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാൻ യുദ്ധം തന്ത്രപരമായി പരാജയമായിരുന്നു. അഫ്ഗാൻ സർക്കാരിനു പിന്തുണയേകി 2,500 യുഎസ് സൈനികരെയെങ്കിലും അവിടെ നിലനിർത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സെൻട്രൽ കമാൻഡ് ജനറലായിരുന്ന ഫ്രാങ്ക് മകെൻസി അഫ്ഗാൻ വിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായത്തോടും മില്ലി യോജിക്കുകയും ചെയ്തു. അവസാന മാസങ്ങളിൽ അഫ്ഗാനിലെ യുദ്ധത്തിന് നേതൃത്വം നൽകിയത് ഫ്രാങ്ക് മകെൻസിയാണ്. അഫ്ഗാനിൽ നിന്നുള്ള സേനാ പിൻമാറ്റത്തിൽ യുഎസ് സൈന്യത്തിന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും നിലപാടുകൾ വ്യത്യസ്തമായിരുന്നെന്നു സൂചിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മില്ലി നടത്തിയത്.

എന്നാൽ വിഷയത്തിൽ ജോ ബൈഡന്റെ നിലപാടിന് പിന്തുണ അറിയിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. എന്നാൽ കൃത്യതയാർന്ന നിലപാടിനാണ് പ്രസിഡന്റ് പരിഗണന നൽകിയതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടേയും ദേശീയ സുരക്ഷാ സംഘത്തിന്റേയും അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നു. സൈനിക സാന്നിധ്യം ഉറപ്പാക്കി താലിബാനുമായി യുദ്ധത്തിനല്ല, കൂടുതൽ മരണം ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്നും അമേരിക്കൻ ജനതയുടെയും സൈന്യത്തിന്റെയും താൽപര്യം അതായിരുന്നതായി അദ്ദേഹം കരുതുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അഭിപ്രായങ്ങൾ എന്താണെങ്കിലും സർവ സൈന്യാധിപനാണ് അതിൽ തീരുമാനം കൈകൊള്ളേണ്ടത്. 20 വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി വിശദീകരിച്ചു.