തിരുവനന്തപുരം: പങ്കാളിത്ത പെൻഷനെതിരായ നയത്തിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. പെൻഷൻ മുഴുവൻ സർക്കാർ വഹിക്കുന്ന സാഹചര്യം ഒരിടത്തുമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. പങ്കാളിത്ത പെൻഷൻ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് സർക്കാർ പൂർണമായും പെൻഷൻ ചെലവ് വഹിക്കുന്ന സ്റ്റാറ്റിയൂട്ടറി പെൻഷൻ ഇപ്പോൾ പ്രായോഗികമല്ലെന്ന് ധനമന്ത്രി അറിയിച്ചു.
ബംഗാളിലെ സാഹചര്യം വിശദീകരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാത്തത് ബംഗാൾ മാത്രമാണ്. അവിടെ സ്ഥിരനിയമനം ഇല്ല. സ്റ്റാറ്റിയൂട്ടറി പെൻഷൻ നടപ്പിലാക്കേണ്ട ആവശ്യവും അവിടെയില്ല. നാല് ലക്ഷത്തിലധികം കരാർ ജീവനക്കാരാണ് ബംഗാളിലുള്ളത്. കരാർ ജീവനക്കാരായാണ് നിയമനവും നടക്കുന്നത്. അതുകൊണ്ട് ചെലവ് സർക്കാരിന് വഹിക്കേണ്ട സാഹചര്യവും അവിടെയില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പങ്കാളിത്ത പെൻഷൻ തുടരുന്നത് സംബന്ധിച്ച് സാമ്പത്തിക സ്ഥിതിയും ഭാവികാര്യങ്ങളും പരിഗണിച്ച് നയപരമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2013 ഏപ്രിൽ ഒന്നു മുതലാണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത്. സർക്കാരും ജീവനക്കാരും പത്ത് ശതമാനം വീതമാണ് ഇതിലേക്ക് വിഹിതം നൽകുന്നത്. എന്നാൽ അന്ന് പ്രതിപക്ഷമായിരുന്ന എൽഡിഎഫ് ഇതിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധവും ഉയർത്തിയിരുന്നു. അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ അറബിക്കടലിൽ ഒഴുക്കുമെന്നായിരുന്നു എൽഡിഎഫ് പറഞ്ഞത്.
പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നും 2016 ലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. എന്നാൽ അധികാരത്തിലെത്തിയിട്ടും ഇത് പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറായില്ല. വിഷയം പഠിക്കാൻ ജസ്റ്റിസ് സതീഷ് ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയോഗിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയത്. ജൂലൈ 1 നാണ് കമ്മീഷൻ റിപ്പോർട്ട് ധനവകുപ്പിന് ലഭിച്ചത്. എന്നാൽ ഈ റിപ്പോർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല.