മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സർവ്വേ നടത്തും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന കമ്മിഷന്റെ സാമൂഹിക സാമ്പത്തിക സർവ്വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് അനുമതി നൽകി സംസ്ഥാന സർക്കാർ. ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കുന്നതിനും മന്ത്രിസഭാ യോഗം അനുമതി നൽകി.

മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:

  • എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വികസന അതോറിറ്റികൾ, സഹകരണ സ്ഥാപനങ്ങൾ, ദേവസ്വംബോർഡുകൾ എന്നിവിടങ്ങിളിലെ നിയമനങ്ങളിൽ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചു. ജീവനക്കാരൻ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിയമങ്ങൾ/സ്റ്റാറ്റിയൂട്ടുകൾ/ചട്ടങ്ങൾ/ബൈലോ എന്നിവയിൽ മൂന്നുമാസത്തിനുള്ളിൽ ഭേദഗതി വരുത്തണം.
  • ഇരിട്ടി, കല്യാട് വില്ലേജിൽ 41.7633 ഹെക്ടർ അന്യം നിൽപ്പ് ഭൂമിയും ലാൻറ് ബോർഡ് പൊതു ആവശ്യത്തിന് നീക്കിവച്ച 4.8608 ഹെക്ടർ മിച്ചഭൂമിയും ഉൾപ്പെടെ 46.6241 ഹെക്ടർ ഭൂമി അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിന് കൈമാറി നൽകാൻ തീരുമാനിച്ചു. രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരമാണിത്. നിബന്ധനകൾക്ക് വിധേയമായി ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി കൈവശാവകാശം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഭൂമി അനുവദിക്കുന്ന തിയതി മുതൽ ഒരുവർഷത്തിനകം നിർദ്ദിഷ്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണം.
  • വിനോദസഞ്ചാര വകുപ്പിനു കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിലെ സ്റ്റാഫ് പാറ്റേൺ നാഷണൽ കൗൺസിൽ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി മാർഗരേഖ പ്രകാരം പുതുക്കാൻ തീരുമാനിച്ചു.
  • സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്റെ കേസുകൾ നടത്തുന്നതിനുള്ള സീനിയർ അഭിഭാഷകരുടെ പാനലിൽ രഞ്ജിത്ത് തമ്പാനെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.