അബുദാബി: ഐപിഎല്ലിലെ നിലവിലെ കരുത്തന്മാര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 171/6 എന്ന സ്‌കോറിലെത്തിയപ്പോള്‍ ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടെത്തുകയായിരുന്നു. വിജയത്തിലേക്ക് കുതിച്ച ചെന്നൈയുടെ രണ്ട് വിക്കറ്റുകള്‍ അവസാന ഓവറില്‍ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും അവസാന പന്തില്‍ ദീപക് ചഹര്‍ വിജയം പൂര്‍ത്തിയാക്കി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി രാഹുല്‍ ത്രിപാതിയും (45), നിതീഷ് റാണയും (37), ആന്ദ്രേ റസലും (20) ദിനേഷ് കാര്‍ത്തിക്കും (26) നടത്തിയ പോരാട്ടമാണ് മാന്യമായ സ്‌കോറിലെത്തിച്ചത്.
മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി റിതുരാജ് ഗെയ്ക്ക്വാദും (40), ഡുപ്‌ളെസിയും (43) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 28 പന്തുകളില്‍ രണ്ടുഫോറും മൂന്ന് സിക്‌സുമടക്കം 40റണ്‍സടിച്ച റിതുരാജ് എട്ടാം ഓവറില്‍ മടങ്ങുമ്പോള്‍ ചെന്നൈ 74 റണ്‍സിലെത്തിയിരുന്നു. തുടര്‍ന്ന് ഡുപ്‌ളെസി, മൊയീന്‍ അലി(32), അമ്പാട്ടി റായ്ഡു(10), സുരേഷ് റെയ്‌ന(11), ധോണി (1) എന്നിവര്‍ പുറത്തായതോടെ ചെന്നൈ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ രവീന്ദ്ര ജഡേജ എട്ടുപന്തില്‍ 22 റണ്‍സ് നേടി വിജയത്തിനരികിലെത്തിച്ച് അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായി. തുടര്‍ന്നാണ് ചഹര്‍ വിജയം പൂര്‍ത്തിയാക്കിയത്.
ഇതോടെ പത്തുകളികളില്‍ നിന്ന് 16 പോയിന്റായ ചെന്നൈ പ്‌ളേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി. കൊല്‍ക്കത്ത എട്ടുപോയിന്റുമായി നാലാമതാണ്.