വി.എം സുധീരന്‍ എഐസിസി അംഗത്വവും രാജിവെച്ചു; സോണിയാഗാന്ധിക്ക് രാജിക്കത്ത് അയച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ എഐസിസി അംഗത്വവും രാജിവെച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു. കേരളത്തിലെ നേതൃത്വത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണം.

സുധീരനെ കാണാന്‍ താരിഖ് അന്‍വറിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം സുധീരന്‍ രാജിവച്ചതിന് പിന്നാലെയാണ് എഐസിസി അംഗത്വവും സുധീരന്‍ രാജിവയ്ക്കുന്നത്. അതിനിടെ, അനുനയ നീക്കം വേഗത്തിലാക്കി ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കള്‍ അടക്കം സുധീരന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

നേരത്തെ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ച വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധീരനെ സന്ദര്‍ശിച്ചേക്കും. നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ച രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായും താരീഖ് കൂടിക്കാഴ്ച്ച നടത്തും.