സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സമൂഹത്തെ ദുർബലപ്പെടുത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോടിക് ജിഹാദ് പരാമർശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സമൂഹത്തെ ഒരുപോലെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. താലിബാൻ ഭീകരർക്ക് കേരളത്തിൽ ലഭിച്ച പിന്തുണയെ വിമർശിച്ചു കൊണ്ടു കൂടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പുരോമനപരമായും മതനിരപേക്ഷമായും ചിന്തിക്കാൻ ശേഷിയുള്ള തലമുറയെ ഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുണ്ട്. സാമൂഹ്യതിന്മകൾക്ക് മതത്തിന്റെ നിറമുള്ള പ്രവണത ഉയർന്നു വരുന്നു. അതിനെ മുളയിലേ നുള്ളിക്കളയണം. സമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമായി ഒതുക്കരുത്. അങ്ങനെ ചെയ്യുന്നത് ആ തിന്മകൾക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ലെന്നും സമൂഹത്തിലെ വേർതിരിവ് വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്താനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജാതിക്കും മതത്തിനുമതീതമായി ജീവിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ ഓർമ പുതുക്കുന്ന ഈ ദിവസത്തിൽ ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കും എന്ന പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.