ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് സിബിഐ. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍ അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് പുറമെ പ്രതികളായ എസ് വിജയന്‍, പിഎസ് ജയപ്രകാശ് , തമ്പി എസ് ദുര്‍ഗ്ഗാദത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യവും റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.

ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും, പ്രതികള്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുമെന്നും പല സാക്ഷികളും മൊഴി നല്‍കാന്‍ തയ്യാറാകില്ല എന്നും സിബിഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലെ ഏഴാം പ്രതിയാണ് ആര്‍ ബി ശ്രീകുമാര്‍. എസ്. വിജയന്‍ ഒന്നാം പ്രതിയും, തമ്പി എസ്. ദുര്‍ഗാദത്ത് രണ്ടാം പ്രതിയും, പി എസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്. ആര്‍. ബി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെയുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐ ആരോപിച്ചിട്ടുണ്ട്.

വിഎസ്എസ്‌സിയില്‍ കമാന്‍ഡന്റ് ആയിരുന്ന കാലഘട്ടം മുതല്‍ ആര്‍ ബി ശ്രീകുമാറിന് തന്നെ അറിയാമായിരുന്നു എന്ന് നമ്പി നാരായണന്‍ സിബിഐക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. അക്കാലത്ത് അടുത്ത ഒരു ബന്ധുവിന് ജോലി നല്‍കണം എന്ന ശ്രീകുമാറിന്റെ ആവശ്യം നിരസിച്ചതിനാല്‍ തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നും, ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്ന് ശ്രീകുമാര്‍ ഭീഷണി പെടുത്തിയിരുന്നതായും സിബിഐ ഡി വൈ എസ് പി സുനില്‍ സിംഗ് റാവത്തിന്റെ നേതൃത്വത്തില്‍ ഉള്ള സംഘത്തോട് നമ്പി നാരായണ്‍ പറഞ്ഞിരുന്നു. ഈ ആരോപണം തെളിയിക്കാന്‍ ശ്രീകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് സിബിഐയുടെ അഭിപ്രായം.