കോഴിക്കോട്: ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണെന്നും ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായമെന്നും സമസ്ത. ഖുര്‍ ആന്‍ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നതെന്നും, സമസ്ത പ്രവര്‍ത്തിക്കുന്നത് മതസൗഹാര്ദ്ദത്തിനായാണ് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായി സര്‍ക്കാര്‍ ഇടപെടല്‍. ഇത് തെറ്റാണെന്നും, തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായ ഇടപെടല്‍ ഒരു വിഭാഗത്തെ വേദനിപ്പിക്കുന്നതായെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.
മാത്രമല്ല, താമരശേരി രൂപത ഇറക്കിയ കൈപ്പുസ്തകത്തിലെ പരാമര്‍ശങ്ങളും തെറ്റാണ്. ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഇതിന് മതപരമായ പിന്‍ബലമില്ല. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകര്‍ക്കുന്നതാവരുത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും സമസ്ത അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

