ജിദ്ദ: സൗദിയിലെത്തുന്ന സന്ദര്‍ശകരടക്കമുള്ളവര്‍ യാത്രക്ക് മുമ്പ് നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ‘തവക്കല്‍നാ’ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. വിമാനക്കമ്പനികള്‍ ഇക്കാര്യം യാത്രക്ക് മുന്നേ ഉറപ്പു വരുത്തണം.
മൊബൈല്‍ ഫോണിലേക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നോ പ്ലേസ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തിട്ടാല്‍ സൗദിയിലെത്തി എട്ടു മണിക്കൂറിനകം അത് ഓപ്പണ്‍ ചെയ്തു രജിസ്റ്റര്‍ ചെയ്യണം. രാജ്യത്ത് എത്തുന്ന യാത്രക്കാരില്‍ പലരും തവക്കല്‍നാ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
രാജ്യത്തുള്ളവരുടെ ആരോഗ്യ സ്ഥിതി കാണിക്കുന്ന മൊബൈല്‍ ആപ്പാണ് താവക്കല്‍ന. ഈ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നവര്‍ക്ക് മാത്രമേ സൗദിയില്‍ കടകളില്‍ കയറാനോ ജോലി സ്ഥലത്തു പ്രവേശിക്കാനോ ജോലി ചെയ്യാനോ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാനോ കഴിയൂ. കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് പൂര്‍ത്തീകരിച്ചവരുടേതാണ് ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നത്. ഇതിന് പുറമെ മറ്റു പല സിവിലിയന്‍ സേവനങ്ങളും തവക്കല്‍നയില്‍ ലഭിക്കും.
സൗദിയിലേക്കുള്ള ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് മുമ്പ് യാത്രക്കാരുടെ വാക്സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാനും ഗാക്കയുടെ നിര്‍ദേശമുണ്ട്. തവക്കല്‍നാ, ഖുദൂം പ്ലാറ്റ്‌ഫോമുകള്‍ വഴി ആരോഗ്യ സ്ഥിതി പരിശോധിക്കാം. ഇതിന് ശേഷം യാത്രക്കാര്‍ക്ക് ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്നതിനുള്ള ഫോം നല്‍കണം. ഇത് സൗദിയിലിറങ്ങിയ ശേഷം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വാങ്ങിവെക്കും. യാത്രക്ക് മുമ്പ് കാര്യങ്ങള്‍ വിമാനക്കമ്പനി പരിശോധിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും.

