മുംബൈ: ബോളിവുഡ് നടനും നിര്‍മ്മാതാവുമായ സോനു സൂദ് കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി). സോനു സൂദിന് ബന്ധമുള്ള മുംബൈയിലേയും ലഖ്നൗവിലേയും വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് സിബിഡിടി ഇക്കാര്യം വ്യക്തമാക്കിയത്.
സോനു സൂദിന്റേയും പങ്കാളികളുടേയും സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നികുതി വെട്ടിപ്പ് നടത്തിയതായി വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായും, വ്യാജവും കൃത്രിമവുമായ സ്രോതസ്സുകളില്‍ നിന്നുള്ള വായ്പകളിലേക്ക് തന്റെ കണക്കില്‍ പെടാത്ത വരുമാനം വഴിതിരിച്ചു വിടുന്നതിലൂടെയായിരുന്നു സോനു സൂദ് പ്രധാനമായും നികുതി വെട്ടിപ്പ് നടത്തിയിരുന്നതെന്നും സിബിഡിടി ട്വിറ്ററിലൂടെ അറിയിച്ചു. സോനു സൂദിന്റെ കമ്പനിയും ലഖ്നൗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയും തമ്മില്‍ അടുത്തിടെ നടത്തിയ കരാര്‍ ആദായനികുതി വകുപ്പ് രഹസ്യമായി നിരീക്ഷിച്ചിരുന്നതായി വകുപ്പ് വൃത്തങ്ങള്‍ സൂചന നല്കി.
കോവിഡ് കാലത്ത് നടത്തിവന്നിരുന്ന വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സോനു സൂദ് രാജ്യവ്യാപക പ്രശംസ നേടിയിരുന്നു. എന്നാല്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരിലും നടന് അനധികൃതമായി പണം സമ്പാദിച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ ആരോപണം. നടന്റെ ഉടമസ്ഥതയിലുള്ള സൂദ് ചാരിറ്റി ഫൗണ്ടേഷന് കൊവിഡ് കാലത്ത് 18 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.9 കോടി മാത്രമാണ് ചിലവഴിച്ചതെന്നും, ബാക്കി പണം സന്നദ്ധ സംഘടനയുടെ ബാങ്ക് അക്കൗണ്ടില്‍ ഉപയോഗിക്കാതെ കിടക്കുകയാണെന്നും ആദായനികുതി വകുപ്പ് പറയുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാര്‍ഥികള്‍ക്കായുള്ള ഒരു പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി സോനു സൂദിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. സോനുവും പങ്കാളികളും ചേര്‍ന്ന് 20 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെയും അംഗീകാരവും നേടിയ താരമാണ് സോനു സൂദ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ സോനു സൂദ് അഭിനയിച്ചു വരുന്നു. ശക്തി സാഗര്‍ പ്രൊഡക്ഷന്‍ എന്ന പേരില്‍ ഒരു നിര്‍മാണക്കമ്പനിയും സോനു സൂദിനുണ്ട്.

