വാഷിങ്ടണ്‍: ഫേസ്ബുക്കിനെ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഭീഷണിയുമായി ആപ്പിള്‍. ഓണ്‍ലൈന്‍ സ്ലേവ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഇരകളെ വില്‍ക്കാന്‍ മനുഷ്യക്കടത്തിന്റെ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഭീഷണിയുമായി ആപ്പിള്‍ രംഗത്തെത്തിയത്. ദി വാള്‍ സ്ട്രീറ്റ് ജേണലാണ് ആപ്പിളിന്റെ ഭീഷണിയെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ, ഫേസ്ബുക്കിലൂടെ മധ്യേഷ്യയില്‍ നടക്കുന്ന മനുഷ്യക്കമ്പോളത്തിന്റെ ഇടനിലക്കാര്‍ കച്ചവടം നടത്തുന്നത് സംബന്ധിച്ച 2019ലെ ബിബിസി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മനുഷ്യക്കടത്ത് സംഘത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണമാണ് ബിബിസി നടത്തിയത്. 2019 നും മുന്‍പ് തന്നെ ഫെയ്‌സ്ബുക്കിന് ഈ മനുഷ്യക്കടത്ത് സംഘം തങ്ങളുടെ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

