നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; പ്രതിപക്ഷം ഇടപെട്ടത് സംഘര്‍ഷത്തിന് അയവ് വരുത്താന്‍, സിപിഎം തെളിവ് പൊലീസിന് കൈമാറണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ ഇടപെട്ടത് സംഘര്‍ഷത്തിന് അയവ് വരുത്താനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കെപിസിസി പ്രസിഡന്റും താനും ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ സംഘര്‍ഷത്തിന് അയവ് വരുത്തനാണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവും നടന്നില്ലെന്നും, സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവാത്തതിനാലാണ് പ്രതിപക്ഷം നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നും വി ഡി സതീശന്‍ അറിയിച്ചു

മാത്രമല്ല, വിവാദത്തില്‍ സംഘപരിവാറിന് വ്യക്തമായ അജണ്ടയുണ്ട്, മുതലെടുപ്പിനായി പലരും ശ്രമിക്കുന്നുമുണ്ട്. മന്ത്രി വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചത് തെറ്റല്ല. പക്ഷം പിടിക്കരുതെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

കൂടാതെ, തീവ്രവാദികള്‍ ക്യാമ്പസിലെ യുവതികളെ പ്രത്യേകം ലക്ഷ്യം വയ്ക്കുന്നെന്ന് സിപിഐഎം പറഞ്ഞത് എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും, അങ്ങനെ ഉണ്ടെങ്കില്‍ തെളിവുകള്‍ ആദ്യം പൊലീസിന് നല്‍കണമെന്നും, വെറുതെ പറയുമെന്ന് കരുതുന്നില്ലെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.