കൊച്ചി: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ പിന്താങ്ങി പുതിയ ആരോപണങ്ങളുമായി കത്തോലിക്ക സഭ വീണ്ടും രംഗത്ത്. വിദ്യാഭ്യാസമേഖലയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരവാദ അജണ്ടകള്‍ നിസ്സാരവത്കരിക്കരുതെന്ന തലക്കെട്ടോടെ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടു.
കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ലക്ഷ്യം വയ്ക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ നിസ്സാരവത്കരിക്കരുതെന്നും, ഭരണമുന്നണിയിലെ പ്രമുഖ കക്ഷി തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുന്നത് ഗൗരവമായിട്ടെടുത്ത് അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നും, കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യനാണ് വ്യക്തമാക്കിയിരിക്കുന്നത്.
തീവ്രവാദപ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ കൈകടത്തലിനെക്കുറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി പലതവണ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ആവര്‍ത്തിച്ചു സൂചിപ്പിച്ചപ്പോള്‍ പലരും അവഗണിച്ചുവെന്നും, ക്രൈസ്തവ സഭ ഭീകരവാദത്തിനെതിരെ പ്രതികരിക്കുമ്പോള്‍ വര്‍ഗീയതയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീകരവാദത്തിനെതിരെ മുന്നറിയിപ്പ് നല്കുമ്പോള് മതേതരത്വമെന്നും പറയുന്നത് വിരോധാഭാസമാണെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
മാത്രമല്ല, സ്വതന്ത്ര വിദ്യാര്‍ത്ഥി യൂണിയനുകളുടെ മറവില്‍ കേരളത്തില്‍ ക്യാമ്പസ് തീവ്രവാദം വളരുന്നുവെന്നും, ആസൂത്രിതമായ ദീര്‍ഘകാല അജണ്ടകള്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ കേന്ദ്രീകരിച്ച് ഭീകരവാദപ്രസ്ഥാനങ്ങള്‍ രൂപം നല്‍കിയിട്ടുണ്ടെന്നും കത്തോലിക സഭ സംശയം ഉന്നയിക്കുന്നുമുണ്ട്.

