അഭിനയ ജീവിതവുമായി തിരക്കിലായിരുന്നു, ഭര്‍ത്താവിന്റെ ബിസിനസ്സ് എന്തായിരുന്നെന്ന് അന്വേഷിക്കാന്‍ സാധിച്ചില്ലെന്ന് ശില്‍പാ ഷെട്ടി

മുംബൈ: നീലച്ചിത്ര നിര്‍മാണത്തിന് അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കെതിരായി ബോളിവുഡ് താരം ശില്പാ ഷെട്ടിയുടെ മൊഴി. ഭര്‍ത്താവിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ ബിസിനസ്സ് എന്തായിരുന്നുവെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും ശില്പാ ഷെട്ടി പൊലീസിന് മൊഴി നല്‍കി.

അഭിനയ ജീവിതവുമായി വളരെ തിരക്കിലായിരുന്നുവെന്നും അതിനാല്‍ ഭര്‍ത്താവിന്റെ ജോലി എന്തായിരുന്നുവെന്ന് അന്വേഷിക്കാന്‍ സാധിച്ചില്ലെന്നും ശില്പാ ഷെട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഹോട്ട്‌ഷോട്ട്‌സ്, ബോളിഫേം എന്നീ ആപ്പുകളെ കുറിച്ചും തനിക്ക് അറിവില്ലായിരുന്നുവെന്നും ശില്പാ ഷെട്ടി പറഞ്ഞു. രാജ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പൊലീസ് സമര്‍പ്പിച്ച 1400 പേജ് കുറ്റപത്രത്തില്‍ ബോളിവുഡ് അഭിനേത്രി കൂടിയായ ശില്പാ ഷെട്ടിയേയും സാക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് 19നാണ് രാജ് കുന്ദ്രയേയും കൂട്ടാളികളേയും നീലച്ചിത്ര നിര്‍മാണത്തിന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ നാലു പേര്‍ അന്വേഷണ സമയത്തു തന്നെ രാജ് കുന്ദ്രയ്‌ക്കെതിരായി മൊഴി നല്‍കിയിരുന്നു. ഇവരെ കേസില്‍ മാപ്പുസാക്ഷികളാക്കിയേക്കും.

അതേസമയം, താന്‍ നിര്‍മ്മിച്ചവ ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രങ്ങളായിരുന്നില്ലെന്നും മറിച്ച് സ്‌നേഹപ്രകടനങ്ങള്‍ മാത്രമായിരുന്നു അവയിലുണ്ടായിരുന്നതെന്നുമായിരുന്നു രാജ് കുന്ദ്ര കോടതിയില്‍ വാദിച്ചത്.