ന്യുഡല്‍ഹി: ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ എത്തുന്നതോടെ 24 മണിക്കൂര്‍ യാത്ര 12 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകും. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിവേഗ പാത പൂര്‍ത്തിയാക്കുന്ന ജോലികള്‍ ഇപ്പോള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. 2023 മാര്‍ച്ചോടെ ഈ എക്‌സ്പ്രസ് വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
മുംബൈ-ഡല്‍ഹി തമ്മിലുള്ള 1350 കിലോമീറ്റര്‍ നീളമുള്ള അതിവേഗ പാത രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് അതിവേഗ പാത കടന്നുപോകുക. ഹരിയാനയില്‍ 137 കിലോമീറ്ററും, രാജസ്ഥാനില്‍ 374 കിലോമീറ്ററും, മധ്യപ്രദേശില്‍ 245 കിലോമീറ്ററും, ഗുജറാത്തില്‍ 423 കിലോമീറ്ററും, മഹാരാഷ്ട്രയില്‍ 171 കിലോമീറ്ററും അതിവേഗ പാത ഉണ്ടാകും. ജയ്പൂര്‍, കിഷന്‍ഗഡ്, അജ്മീര്‍, കോട്ട, ചിറ്റോര്‍ഗഡ്, ഉദയ്പൂര്‍, ഭോപ്പാല്‍, ഉജ്ജയിന്‍, ഇന്‍ഡോര്‍, അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയ നഗരങ്ങളിലേക്ക് ഈ അതിവേഗ പാതയിലൂടെ എത്തിച്ചേരാനും എളുപ്പമാണ്.
അതിവേഗ പാത പൂര്‍ത്തിയായാല്‍ എല്ലാ വര്‍ഷവും 32 ദശലക്ഷം ലിറ്റര്‍ ഇന്ധനം ലാഭിക്കാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം 850 ദശലക്ഷം കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമനം കുറയ്ക്കാനും ഇത് സഹായകമാകും.
സുരക്ഷയ്ക്കായി, റോഡിനിരുവശവും 1.5 മീറ്റര്‍ ഉയരമുള്ള മതില്‍ നിര്‍മിക്കും. ഓരോ 2.5 കിലോമീറ്ററിലും മൃഗങ്ങള്‍ക്ക് ഓവര്‍ പാസുകള്‍ നല്‍കും. ഓരോ 50 കിലോമീറ്ററിലും റെസ്റ്റോറന്റുകള്‍, ഫുഡ് കോര്‍ട്ടുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ഇന്ധന സ്റ്റേഷനുകള്‍, ഇവി ചാര്‍ജിംഗ് പോയിന്റുകള്‍, ടോയ്ലറ്റുകള്‍ എന്നിവയും ഉണ്ടാകും. ഈ എക്‌സ്പ്രസ് വേയില്‍ ടോള്‍ പിരിവ് റേഡിയോ ഫ്രീക്വന്‍സ, ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജി വഴിയായിരിക്കും. ഇതില്‍ 2 ഇടനാഴികള്‍ പ്രത്യേകം നിര്‍മ്മിക്കുന്നു. ഇപ്പോള്‍ 8 വരികള്‍ ഒരുങ്ങുകയാണെന്നും ആവശ്യമെങ്കില്‍ 12 വരികള്‍ നിര്‍മ്മിക്കാമെന്നും എന്‍എച്ച്എഐ പറയുന്നു.
ഈ പദ്ധതി രാജ്യത്തിന്റെ അഭിമാന പദ്ധതികളില്‍ ഒന്നാണ്. 2019 മാര്‍ച്ച് 9 ന് ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ശിലാസ്ഥാപനം ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു. 8 വരികളുള്ള ഈ എക്‌സ്പ്രസ് വേയില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികള്‍ നടക്കുന്നത്. 1380 കിലോമീറ്ററില്‍ 1200 കിലോമീറ്ററിലാണ് പണി നടക്കുന്നത് അതില്‍ 375 കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയായി. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് നിര്‍മ്മാണ ചിലവ് കണക്കാക്കുന്നത്.

