തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് പമാർശത്തിന്റെ പേരിൽ പാലാ ബിഷപ്പിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി മാഫിയ ലോകവ്യാപകമായ പ്രതിഭാസമാണെന്നും എന്നാൽ അതിന് മത ചിഹ്നം നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷ പ്രചാരകർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മാഫിയകളെ മാഫിയ ആയിത്തന്നെ കാണണം. അതിന് മത ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. സമുദായങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള യോജിപ്പുണ്ടാക്കിയെടുക്കുകയാണ് പ്രധാനം. ഏതെങ്കിലും മതസ്പർധയുണ്ടാക്കാൻ വേണ്ടിയല്ലെന്നും തങ്ങളുടെ സമുദായത്തിലുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു ഉദ്ദേശ്യമെന്ന് സംഭവത്തെ കുറിച്ച് പാലാ ബിഷപ്പ് പ്രതികരിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാർകോട്ടിക് മാഫിയ എന്നത് പണ്ടും കേട്ടിട്ടുള്ളതാണ്. എന്നാൽ നാർകോട്ടിക് ജിഹാദ് എന്നത് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ്. അത്തരം ഏതെങ്കിലും പ്രവർത്തനങ്ങൾ സംസ്ഥാനത്ത് എവിടെയും നടക്കുന്നില്ല. പുറംരാജ്യങ്ങളിലുള്ളതു പോലെ ഇവിടെ വലിയ മാഫിയകൾ ആയി ലഹരി സംഘങ്ങൾ വളർന്നിട്ടില്ല എന്നുള്ളതാണ് സത്യമെന്നും സർക്കാരുകളെക്കാൾ ശക്തരായ നാർകോട്ടിക് മാഫിയകളെ പോലെ സംസ്ഥാനത്തോ രാജ്യത്തോ സംഘടിതമായി ഏതെങ്കിലും സംഘങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
നാർക്കോട്ടിക്സ് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് ഇരു കൂട്ടരെയും സർക്കാരിന്റെ മുൻഗണനയിൽ വിളിച്ചുവരുത്തി സർവ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിർദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമുദായത്തിന്റെ ഉന്നമനത്തിനായി മതമേലധ്യക്ഷൻമാർ ശ്രമിക്കും. അവർ അവരോട് തന്നെ സംസാരിക്കും, അതിൽ തെറ്റില്ല. ഇവിടെ സമുദായത്തോട് അവർ സ്വന്തം കാര്യങ്ങൾ പറയുമ്പോൾ മറ്റു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലയുണ്ടാവരുത്. അത് മാത്രമാണ് ഇവിടെ വിവാദ വിഷയം. ചില സർക്കാരുകളേക്കാൾ ശക്തമാണ് നാർകോട്ടിക് മാഫിയ. ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കുന്നതൊക്കെ നാടുവാഴികളുടെ കാലത്തെ കാര്യമാണ്. ശാസ്ത്ര യുഗത്തിൽ വശീകരിക്കുകയെന്നൊക്കെ പറയുന്നതിൽ കഴമ്പില്ലെന്നും സമൂഹത്തിൽ യോജിപ്പ് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

