കോട്ടയം: സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നു വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. സിപിഐ എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെ പെരുമാറുന്നുവെന്നും ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നുമില്ലെന്നാണ് ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല, മുന്നണിയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്ന് സി പി ഐയ്ക്ക് പേടിയുണ്ടെന്നും, അനാവശ്യ വിവാദമുണ്ടാക്കാന്‍ വേണ്ടിയാണ് സിപിഐയുടെ അവലോകന റിപ്പോര്‍ട്ട് എന്നും ജോസ് കുറ്റപ്പെടുത്തി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ലെന്നും ജോസ് വിഭാഗം ആരോപിക്കുന്നു. ഇതു സംബന്ധിച്ച് കേരള കോണ്‍ഗ്രസ് (എം) എല്‍ ഡി എഫിന് പരാതി നല്‍കും.
നേരത്തെ, ജോസ് കെ മാണി ജനകീയനല്ലെന്നും, കേരള കോണ്‍ഗ്രസ് (എം)ന്റെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും സിപിഐയുടെ അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

