കനത്ത മഴയും കൃഷിനാശവും; ഉള്ളിവില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍ !

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെ കിലോയ്ക്ക് 30 രൂപ വരെ വര്‍ധിച്ചേക്കാമെന്നാണ് വിപണി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയും എണ്ണവില കൂടുന്നതും വരും മാസങ്ങളില്‍ വില കൂടാനുള്ള സാധ്യതയുണ്ടെന്ന് വ്യാപാരികളും പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ പലയിടങ്ങളിലും കിലോയ്ക്ക് 150 രൂപ വരെ എത്തി. സമാന സാഹചര്യം ഈ വര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിപണിയിലെ വില നിലവാരത്തെ കുറിച്ച് പഠിക്കുന്ന ഏജന്‍സിയായ ക്രിസിലും വ്യക്തമാക്കുന്നു. എന്നാല്‍ വില നിയന്ത്രണത്തിന് വേണ്ട നടപടികള്‍ എടുത്തെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.