പനാജി: കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അഞ്ചു ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ഗോവ. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അഞ്ചു ദിവസത്തെ ഇന്‍സ്റ്റിട്ട്യൂഷണല്‍ ക്വാറന്റീനും, മറ്റുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ ഫലവും, അഞ്ചു ദിവസത്തെ ഹേം ക്വാറന്റീനും നിര്‍ബന്ധമാക്കി.
ക്വാറന്റീന്‍ അവസാനിച്ചാലും ആര്‍ടി-പിസിആര്‍ പരിശോധനയും നടത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റീന്‍ ചെയ്യുന്നതിനുള്ള ക്രമീകരണം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍,പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ നടത്തും. ജീവനക്കാര്‍ക്ക്, അതാത് ഓഫീസുകള്‍, കമ്പനികള്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
മാത്രമല്ല, രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഗോവയില്‍ പ്രവേശനം അനുവദിക്കുള്ളൂ. വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ കരുതണം. പൂര്‍ണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ടൂറിസ്റ്റുകള്‍ക്ക് ആവശ്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഈ വര്‍ഷം മെയ് 9 നാണ് ഗോവയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ആദ്യമായി ഏര്‍പ്പെടുത്തിയത്. ഇപ്പോഴിതാ കര്‍ഫ്യൂ സെപ്റ്റംബര്‍ 20 വരെ നീട്ടിയിരിക്കുകയാണ്. ഗോവയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെങ്കിലും കാസിനോകള്‍ പോലെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

