കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്ബ്. കേരളത്തിൽ വ്യവസായ സൗഹൃദം സംസാരത്തിൽ മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നോക്കുകൂലി നിരോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും എംഎൽഎമാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൊഴിലില്ലായ്മയെക്കുറിച്ച് ആർക്കും സംസാരിക്കാനില്ല. നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് മനസ്സിലാക്കാതെയാണ് കേരളത്തിൽ കാര്യങ്ങൾ നടക്കുന്നത്. വ്യവസായം ആരംഭിക്കാൻ നിരവധി വിദേശ രാജ്യങ്ങൾ തന്നെ സമീപിച്ചിട്ടുണ്ട്. ശ്രീലങ്കൻ സർക്കാരുമായി വിവിധ തലത്തിലുള്ള ചർച്ചകൾ പൂർത്തിയായി. ശ്രീലങ്കൻ പ്രധാനമന്ത്രിയുമായോ, പ്രസിഡന്റുമായോ ഉള്ള ചർച്ചയ്ക്ക് അവസരമൊരുങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കൻ ഹൈക്കമ്മീഷണർ നേരിട്ടു വന്നാണ് ക്ഷണിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതിനിധികൾ കഴിഞ്ഞ ആഴ്ച വന്നു. ശ്രീലങ്കയ്ക്ക് പുറമേ മൗറീഷ്യസ്, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളും വ്യവസായം ആരംഭിക്കാൻ ക്ഷണിച്ചിട്ടുണ്ട്. ഇതുവരെ ഒൻപത് സർക്കാരുകളാണ് വ്യവസായം ആരംഭിക്കാൻ ക്ഷണിച്ചത്. കേരളം തരുന്നതിനേക്കാൾ മികച്ച പാക്കേജുകളാണ് മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

