തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതുമുന്നണിയുടെ തോല്‍വിക്ക് കാരണം ജോസ് കെ മാണിക്ക് ജനകീയത ഇല്ലാത്തതാണെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കേരള കോണ്‍ഗ്രസിന്റെ വരവ് ഇടത് മുന്നണിക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നും വോട്ട് വിഹിതത്തില്‍ മെച്ചം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തിരഞ്ഞെടുപ്പ് സമയത്ത് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും ഒരു നിസ്സംഗത ഉണ്ടായിരുന്നു. പാലായില്‍ ഒരു പഞ്ചായത്ത് ഒഴികെ എല്ലായിടത്തും യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജനകീയത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇല്ലാതെ പോയതും പരാജയത്തിന് കാരണമായെന്ന് കുറ്റപ്പെടുത്തലുണ്ട്.
മാത്രമല്ല, കുണ്ടറയില്‍ മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തോറ്റത് അവരുടെ സ്വഭാവരീതി കൊണ്ടാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കുണ്ടറയില്‍ എല്‍ഡിഎഫ് സ്ഥാനാത്ഥിയുടെ സ്വഭാവരീതിയെക്കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ രഹസ്യമായ മുറുമുറുപ്പ് ഉണ്ടായിരുന്നു. വിനയശീലനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇത് മുതലെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

