നാർക്കോട്ടിക്‌സ് ജിഹാദ് വിവാദം: പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ മാണി

കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്ലിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രതയാണ് ബിഷപ്പ് ഉയർത്തിയതെന്ന് ജോസ് കെ മാണി പറഞ്ഞു. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേളത്തിന്റെ മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണന്നും അദ്ദേഹം വ്യക്തമാക്കി.

ബിഷപ്പിന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചു. മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിർദേശം നൽകുകയുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തത്. സാമൂഹ്യതിന്മകൾക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിർവഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങൾക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനിൽപ്പ് ലഹരിമാഫിയകൾക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരിൽ അദ്ദേഹത്തെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകർക്കാൻ ശ്രമിക്കുന്നത്. അത് എതിർക്കപ്പെടേണ്ടതുണ്ടെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

പിതാവിന്റെ വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താൽപര്യങ്ങൾക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതിൽ തർക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലർത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ഇടയിലുള്ള സാഹോദര്യം നിലനിർത്താൻ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.