കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പ്രതിവാര കൊവിഡ് വ്യാപന നിരക്ക് എട്ട് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ മാത്രം കർശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ. പ്രതിവാര കൊവിഡ് വ്യാപന നിരക്ക് എട്ട് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ മാത്രമേ ഇനി കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകൂ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രതിവാര കോവിഡ് വ്യാപന നിരക്ക് ഏഴു ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

ക്വാറൻെയ്ൻ ലംഘിക്കുന്നവരെ നിർബന്ധിതമായി ക്വാറൻെയ്‌നിലേക്കയക്കാൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്തും. രോഗികളുള്ള വീടുകളിൽനിന്നുള്ളവർ ക്വാറൻറയിൻ ലംഘിക്കുന്നത് കർശനമായി തടയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്കു സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തിനായി രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ആ വിഭാഗക്കാരുടെ വാക്‌സിനേഷൻ അടിയന്തിരമായി പൂർത്തിയാക്കാൻ ശ്രമിക്കും. കോവിഡ് പോസിറ്റീവായി ക്വാറന്റെയ്‌നിൽ കഴിയുന്നവർ വീടുകളിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്. തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതോടൊപ്പം പോലീസ് മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തിന്റെ സഹായത്തോടെയാണ് ഇതിനു വേണ്ട പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,419 വീടുകളിൽ ഇത്തരം പരിശോധനകൾ നടത്തിയെന്നും അദ്ദേഹം വിശദമാക്കി.

കോവിഡ് പോസിറ്റീവായവരും അവരുമായി നേരിട്ടു സമ്പർക്കത്തിൽ വന്നവരുമായ 4,19,382 പേരെയാണ് കഴിഞ്ഞ ഏഴുദിവസത്തിനുള്ളിൽ പോലീസ് ഫോൺ മുഖേന ബന്ധപ്പെട്ട് അവർ ക്വാറന്റെയ്‌നിൽ കഴിയുന്നുവെന്ന് ഉറപ്പു വരുത്തിയത്. അതിഥി തൊഴിലാളികൾക്ക് വാക്‌സിൻ നൽകാൻ ആവശ്യമായ നടപടികൾ ജില്ലാ കലക്ടർമാർ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിൽ നിന്നു പണം ഈടാക്കിക്കൊണ്ട് 20 ലക്ഷം ഡോസ് വാക്‌സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വാങ്ങി വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. 10 ലക്ഷം ഡോസ് വാക്‌സിൻ ഇതിനകം സംഭരിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു.

അണുബാധ ഉണ്ടാകുന്നതു സംബന്ധിച്ച് എല്ലാവരും മനസ്സിലാക്കേണ്ട രണ്ട് പ്രത്യേക വസ്തുതകളുണ്ട്. ഒരു വ്യക്തിയിൽ ആദ്യം അണുബാധയുണ്ടാവുന്നു. തുടർന്ന് രോഗം പ്രകടമാവുകയും ചെയ്യുന്നു. വാക്‌സിനേഷനു ശേഷമുള്ള കാലഘട്ടത്തിൽ ലോകമെങ്ങും, പകർച്ചവ്യാധിയുടെ തീവ്രത തീരുമാനിക്കാൻ ഇത് പരിവർത്തന നിരക്കായി (കൺവേർഷൻ റേറ്റ്) കണക്കാക്കുന്നു. നിലവിൽ 2,37,643 കോവിഡ് കേസുകളിൽ, 12.85% വ്യക്തികൾ മാത്രമാണ് ആശുപത്രികളിലോ ഫീൽഡ് ആശുപത്രികളിലോ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുണ്ട്. അണുബാധ ഉണ്ടാവുന്ന വ്യക്തികളിൽ ഉചിതമായ പരിചരണവും പിന്തുണയും നൽകുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവിൽ വർധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ആശുപ്രതിയിൽ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് വൈകി ആശുപ്രതിയിൽ എത്തി മരണം സംഭവിച്ചവരിൽ, ഏറ്റവും അധികം പ്രമേഹവും രക്തസമ്മർദ്ദവും ഒരുമിച്ചുള്ളവർ ആണ്. അതിനാൽ, കോവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങൾ ഉണ്ടെങ്കിൽ കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതാണ്. മാത്രമല്ല ട്രീറ്റ്‌മെൻറ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണം. വാക്‌സിനേഷൻ എടുത്തവരിൽ രോഗലക്ഷണമുള്ളവർ മാത്രം ഡോക്ടറെ സമീപിച്ചാൽ മതിയാകും. വാക്‌സിനേഷൻ എടുക്കാത്ത ആളുകൾ, രോഗലക്ഷണമുണ്ടെങ്കിൽ, ആർടിപിസിആർ പരിശോധന നടത്തേണ്ടതാണ്. ആൻറിജൻ പരിശോധന അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് നടത്തേണ്ടത്. അനുബന്ധ രോഗങ്ങളുള്ളവരിൽ വാക്‌സിനേഷൻ എടുക്കാത്ത ആളുകൾ ആർടിപിസിആർ പരിശോധന നടത്തുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതാണ്. ഗൃഹ നിരീക്ഷണത്തിൽ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.