അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കി താലിബാൻ; സംഗീതോപകരണങ്ങൾ തകർത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്

കാബൂൾ: അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കി താലിബാൻ. അഫ്ഗാനിൽ സംഗീതോപകരണങ്ങൾ ഉൾപ്പെടെ താലിബാൻ തകർക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ താലിബാൻ സംഗീതത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ചില ചാനലുകൾ അവരുടെ വനിതാ ആങ്കർമാരെയും പിരിച്ചുവിടുകയും ചെയ്തിരുന്നു. ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാൻ വധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

താലിബാൻ ഭീകരർ സംഗീതോപകരണങ്ങൾ തകർത്തതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അതേസമയം കാബൂളിലെ നോർവീജിയൻ എംബസിയും താലിബാൻ പിടിച്ചടക്കി. താലിബാൻ ഭീകരർ എംബസി പിടിച്ചെടുത്തതിന് പിന്നാലെ മദ്യക്കുപ്പികൾ തകർത്തെറിഞ്ഞുവെന്നും എംബസിയിലുണ്ടായിരുന്നു കുട്ടികളുടെ പുസ്തകങ്ങളും താലിബാൻ ഭീകരവാദികൾ നശിപ്പിച്ചുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.