കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും; പിഎംഎ സലാലിന് മറുപടിയുമായി ജലീൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു വരുത്തിയത് ശരിയായ നടപടിയാണെന്ന് വ്യക്തമാക്കി മുൻമന്ത്രി കെ ടി ജലീൽ. മുഖ്യമന്ത്രിയെ കണ്ടുവെന്നും വിശദമായി കാര്യങ്ങൾ സംസാരിച്ചുവെന്നും ജലീൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് ജലീൽ വ്യക്തമാക്കി. 2006 ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. ‘ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്‌തേനെ’ എന്ന വരികൾ എത്ര പ്രസക്തമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടും ജലീൽ പങ്കുവെച്ചിട്ടുണ്ട്. AR നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ‘ഫയർ എൻജിൻ’ മതിയാകാതെ വരുമെന്നും ജലീൽ പരിഹസിച്ചു.