സ്വന്തമായി ഫ്‌ലക്സ് വയ്ക്കണ്ട, സ്റ്റേജില്‍ തിക്കിത്തിരക്കണ്ട; കോണ്‍ഗ്രസില്‍ വമ്പന്‍ അഴിച്ചുപണി !

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സുപ്രധാന മാറ്റങ്ങളുമായി പുതിയ നേതൃത്വം. ഇതിനായി പുതിയ മാര്‍ഗരേഖയും അവതരിപ്പിച്ചു. നേതാക്കള്‍ സ്വന്തമായി ഫ്‌ലക്സ് വയ്ക്കരുതെന്നും, പാര്‍ട്ടി കേഡര്‍മാര്‍ക്ക് ഇന്‍സന്റീവ് നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തര്‍ക്ക പരിഹാരത്തിന് ജില്ലാതല സമിതികള്‍ രൂപീകരിക്കണം. പാര്‍ട്ടി പരിപാടികളില്‍ സ്റ്റേജില്‍ നേതാക്കളെ കുത്തി നിറക്കരുതെന്നും ഡിസിസി പ്രസിഡന്റുമാര്‍ക്കായി തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടന്നുവരുന്ന ശില്‍പശാലയില്‍ അവതരിപ്പിച്ച മാര്‍ഗരേഖയില്‍ പറയുന്നു.

എന്തെങ്കിലും ആവശ്യത്തിന് ഫ്ലക്സ് ബോര്‍ഡുകള്‍ വയ്ക്കണമെങ്കില്‍ ഡിസിസിയില്‍ നിന്നോ മണ്ഡലം ഭാരവാഹികളില്‍ നിന്നോ അനുമതി വാങ്ങണം. പ്രാദേശിക പ്രശ്നങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ വേണം. കല്യാണ, മരണ വീടുകളില്‍ ആദ്യാവസാനം സാന്നിധ്യം വേണം. താഴേത്തട്ടിലുള്ള പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതല സമിതികള്‍ രൂപീകരിക്കണം. എന്തുതരം പരാതിയായാലും ഈ സമിതിയെ വേണം സമീപിക്കാന്‍. അതില്‍ പരിഹാരമായില്ലെങ്കില്‍ മാത്രം മുകള്‍ ഘടകത്തെ സമീപിക്കണം.

നേരത്തെ, ആറുമാസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ അഴിച്ചുപണി നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.